ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് വഴി തടസ്സമില്ലാത്ത പണമിടപാടുകള്‍ നടത്താം. കൂടാതെ ഓരോ ഇടപാടിലും കാര്‍ഡ് നമ്പര്‍, കാലാവധി കഴിയുന്ന തീയതി തുടങ്ങിയ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല. നിരവധി വ്യാപാരികള്‍ പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) മെഷീന്‍ ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തിവരുന്നത്. ഈ സാഹചര്യത്തില്‍ യുപിഐ പേമെന്റുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് നിങ്ങള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടിക്കുന്നതിനായി നിങ്ങള്‍ക്ക് 45 മുതല്‍ 50 ദിവസം വരെ സമയവും ലഭിക്കും. ക്രെഡിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ പേയ്‌മെന്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഇതിന് പുറമേ ഇത്തരത്തിലുള്ള പെയ്‌മെന്റുകള്‍ക്ക് റിവാര്‍ഡുകളും ക്യാഷ്ബാക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. യുപിഐയില്‍ ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള എല്ലാ ഇടപാടുകള്‍ക്കും 1 ശതമാനം മുതല്‍ 3 ശതമാനം വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. റുപേ കാര്‍ഡുകള്‍ക്ക് 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇത് എല്ലാ പേയ്‌മെന്റിലും ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാനുള്ള അവസരം നല്‍കുന്നു.
അതോടൊപ്പം ആളുകള്‍ക്ക് ലിങ്ക് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് അന്താരാഷ്ട്ര ഇടപാടുകള്‍ക്കായും ഉപയോഗിക്കാം. കറന്‍സി കണ്‍വേര്‍ഷന്റെ സങ്കീര്‍ണതകളും ഇവിടെ ഒഴിവാക്കപ്പെടും. കൂടാതെ ഈ സൗകര്യം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഇവരെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
അതേസമയം യുപിഐയും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനും വളരെ എളുപ്പമാണ്. ഇതിനായി കാര്‍ഡ് നമ്പര്‍, ഉപഭോക്താവിന്റെ പേര്, കാലാവധി കഴിയുന്ന തീയതി, സിവിവി (CVV ) എന്നിവ പോലുള്ള ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ലിങ്ക് ചെയ്യേണ്ടതുണ്ട്. അതിനുശേഷം, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കും. ആ ഒടിപി നല്‍കുക. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് CVV, OTP എന്നിവ നല്‍കി യുപിഐ ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.