ഉത്തരാഖണ്ഡിലെ ഉത്തര കാശിയില്‍ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെയും രക്ഷിക്കാന്‍ സാധിക്കണം. കഴിഞ്ഞ ഒമ്പത് ദിവസമായി അവര്‍ തുരങ്കത്തിനകത്ത് കുടുങ്ങി കിടക്കുകയാണ്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെയാണ് നേതൃത്വം നല്‍കുന്നത്. ലോക പ്രശസ്ത തുരങ്കനിര്‍മ്മാണ വിദഗ്ധനും, ജനീവ ആസ്ഥാനമായുള്ള ഇന്റര്‍ നാഷണല്‍ ടണലിങ് ആന്റ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ തലവനുമായ അര്‍നോള്‍ഡ് ഡിക്‌സ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കാളികളാവുകയും, അവരെ നമുക്ക് ആശ്വസിപ്പിക്കുകയും ചെയ്യാം.
കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് ജീവന്‍ പണയം വെച്ചുള്ള ഇത്തരം ജോലികളില്‍ സാധാരണക്കാര്‍ പോകുന്നത്. ഇവരുടെ സുരക്ഷ, കമ്പനികളും, സര്‍ക്കാര്‍ സംവിധാനങ്ങളും ഉറപ്പാക്കാന്‍ നടപടി വേണം. ഭാവിയില്‍ ഇത്തരമൊരു ദുരന്തമുണ്ടാവാതിരിക്കാന്‍ ഇടവരരുത്. നിര്‍മ്മാണ കമ്പനികളും, അവരെ പരിശോധിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഓരോ തൊഴിലാളിക്കും കുടുംബമുണ്ട്. തൊഴിലാളികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ കുടുംബത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിധിയുണ്ടാവില്ല. എന്ത് തരത്തിലുള്ള ജോലികളായാലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന ഒന്നാവരുത് അതെന്ന് ഉറപ്പ് വരുത്തേണ്ടത് ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെയാണ്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് എത്രയും വേഗം വിലപ്പെട്ട 41 പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കണം. രാജ്യവും, ലോകവും ഇവരോടൊപ്പമാണ്. ഇത്തരം ദുരന്തമുണ്ടാകുമ്പോള്‍ ലോകം ഒന്നിച്ച് നേരിടുന്ന അനുഭവങ്ങള്‍ മുന്‍പുണ്ടായത് പോലെ ലോകത്തിലെ ഏത് വിദഗ്ധനെ കൊണ്ട് വന്നായാലും, സാങ്കേതികത ഉപയോഗിച്ചാണെങ്കിലും ഇവരെ രക്ഷിക്കാന്‍ സാധിക്കണം. നമുക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, നമ്മുടെ സഹോദരങ്ങള്‍ക്കായി.