കോഴിക്കോട് :മലയാളിക്ക് ഭാഷാസ്‌നേഹം കുറവാണെന്ന് സാഹിത്യകാരന്‍ എം എന്‍ കാരശ്ശേരി.കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയ സര്‍ഗ അവാര്‍ഡ് ഉത്തര മേഖല ഐ ജിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ സേതുരാമന്‍ ഐ പി എസിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യം വലിയ കാര്യമാണെന്ന് മലയാളിക്ക് വിചാരമില്ല. മലയാളികളുടെ ആഘോഷങ്ങള്‍ ഇംഗ്ലീഷിലും ആചാരങ്ങള്‍ മലയാളത്തിലുമാണ് ക്ഷണക്കത്ത് എഴുതുന്നത്.
മറ്റു ഭാഷക്കാര്‍ അവരുടെ ഭാഷയെ പുകഴ്ത്തി ബോര്‍ഡ് എഴുതി വെക്കുന്നു. മലയാളി സ്വന്തം ഭാഷയെ സ്‌നേഹിക്കണമെങ്കില്‍ വിദേശ രാജ്യത്ത് ഒന്നിക്കണം, ഇങ്ങനെ മലയാളത്തെ മലയാളികള്‍ തന്നെ മാറ്റി വെക്കുന്ന സാഹചര്യത്തിലാണ് ഒരു തമിഴന് മലയാള ഭാഷയിലെ രചനക്ക് അക്കാദമിയുടെ അംഗീകാരം കിട്ടുന്നതെന്ന് ഓര്‍ക്കണമെന്നും കാരശേരി കൂട്ടിച്ചേര്‍ത്തു.കോര്‍പ്പറേഷന്‍ മേയര്‍ ഡോ.എം ബീന ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്ഥിരോത്സാഹം ഉണ്ടെങ്കില്‍ വിജയം ഉറപ്പാണെന്ന് സേതു രാമന്റെ ജീവിതം ഓര്‍മ്മപ്പെടുത്തുന്നതായി മേയര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോടിന് സാഹിത്യ നഗരം പദവിക്ക് പിന്നില്‍ ഒട്ടേറെപ്പേരുടെ സ്ഥിരോത്സാഹം ഉണ്ടായിരുന്നതായും മേയര്‍ പറഞ്ഞു.എന്‍ ഐ ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയെ മേയര്‍ ആദരിച്ചു.ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു.