വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലും ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം അല്‍-ബുറൈജ് ക്യാമ്പ്, തെക്കന്‍ ഗാസയിലെ റഫാ, ഗാസ നഗരം എന്നിങ്ങനെ പലയിടങ്ങളിലായി അര്‍ധരാത്രിയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
നിലവില്‍ ആശുപത്രിയെ ഇസ്രയേലി ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്. അകത്തുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത തരത്തിലാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഉപരോധം. രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഡബ്‌ള്യു എച്ച് ഒയുടെ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെ ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ആശുപത്രികളില്‍ ഉണ്ടായിരുന്ന രോഗികള്‍, അഭയാര്‍ഥികള്‍ എന്നിവരുടെ കൂട്ടപലായനത്തിനും മരണങ്ങള്‍ക്കും നിരവധി അപകടങ്ങള്‍ക്കും ഇത് ഇടയാക്കി. സുരക്ഷിത കേന്ദ്രങ്ങളായിരിക്കേണ്ട ആശുപത്രികളെ മരണത്തിന്റെയും വിനാശത്തിന്റെയും നിരാശയുടെയും വേദികളാക്കി മാറ്റുമ്പോള്‍ ലോകത്തിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല’ ലോകാരോഗ്യ സംഘടന പറഞ്ഞു.