ഭുവനേശ്വര്‍: 22 വര്‍ഷത്തിനു ശേഷം ഇന്ത്യ ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ച ആവേശത്തോടെയാണ് ഇന്ന് എ ഗ്രൂപ്പിലെ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് രാത്രി 7 മണിക്ക് കലിംഗ സ്‌റ്റേഡിയത്തില്‍ ഖത്തറിനെ നേരിടും.പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ തന്ത്രങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷയത്രയും. തന്റെ ഗെയിംപ്ലാനിനനുയോജ്യമായ ടീമാണെന്നും പാസിങ് ഗെയിം കളിക്കുന്നവരാണ് ഇന്ത്യന്‍ ടീമിലുള്ളതെന്നും അതാണ് കിരീടനേട്ടത്തിന് കാരണവുമെന്ന് ഇഗോര്‍ സ്റ്റിമാച്ച് പറയുന്നു.ശക്തരായഎതിരാളിയോട് പൊരുതാന്‍ ഇന്ന് ഡിഫന്‍സീവ് ഗെയിം പുറത്തെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മധ്യനിരയില്‍ സുരേഷ് സിങ്-അപുയ എന്നിവര്‍ക്കൊപ്പം ഡിഫന്‍സീവ് മൈന്‍ഡുള്ള അനിരുദ്ധ് ഥാപ്പയെ കളിപ്പിച്ചേക്കും. കഴിഞ്ഞമത്സരത്തില്‍ സഹല്‍ അബ്ദുസമദാണ് കളിച്ചിരുന്നത്. അന്‍വര്‍ അലിക്ക് പരിക്കേറ്റതിനാല്‍ പ്രതിസന്ധിയിലായ സെന്‍ട്രല്‍ ഡിഫന്‍സില്‍ രാഹുല്‍ ഭെക്കെ തുടരും. കുവൈത്തിനെതിരേ സന്ദേശ് ജിംഗാനൊപ്പം ഭെക്കെ മികച്ചകളിയാണ് പുറത്തെടുത്തത്. മുന്നേറ്റത്തില്‍ നായകന്‍ സുനില്‍ ഛേത്രി-മന്‍വീര്‍ സിങ്-മഹേഷ് സിങ് ത്രയമാകും. ലാലിയന്‍ സുവാല ചാങ്‌തേ പകരക്കാരനാകും.