ഉത്തരകാശി: പത്ത് ദിവസത്തോളമായി ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി ഇന്നലെ രാത്രി തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഘടിപ്പിച്ച ആറിഞ്ച് പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് അയച്ച എന്‍ഡോസ്‌കോപ്പി ക്യാമറയാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വോക്കി ടോക്കീസ് വഴി ചില തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. തൊഴിലാളികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഗ്ലാസ് ബോട്ടിലുകളില്‍ തൊഴിലാളികള്‍ക്ക് കിച്ഡി നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും പൈപ്പിലൂടെയാണ് എത്തിക്കുന്നത്.മൊബൈലും ചാര്‍ജറുകളും പൈപ്പിലൂടെ അയക്കുമെന്നും റെസ്‌ക്യൂ ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ് കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു.പ്രദേശത്തെ ഭൂപ്രകൃതിയും പാറകളുടെ സ്വഭാവവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.