സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുമാനം കൊണ്ടുവരുന്ന ഒന്നാണ് യൂട്യൂബ് ചാനല്‍. എന്നാല്‍ അത്തരം യൂട്യുബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്.
ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളുമടക്കം പലതരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ന് എ.ഐക്ക് കഴിയും.
വിഡിയോകളില്‍ എ.ഐ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. എ.ഐ ഉള്ളടക്കത്തിനായി യൂട്യൂബ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചു. റിയലിസ്റ്റിക് വീഡിയോകള്‍ നിര്‍മിക്കാന്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിമുതല്‍ ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.
പങ്കുവെക്കുന്ന ഉള്ളടക്കത്തില്‍ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വിഡിയോയോ, ചിത്രങ്ങളോ ഉണ്ടായിട്ടും അത് വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
പിടിക്കപ്പെട്ടാന്‍, ആ വിഡിയോ നീക്കം ചെയ്യുകയോ, യൂട്യൂബിന്റെ റെവന്യൂ ഷെയറിങ് പ്രോഗ്രാമില്‍ നിന്ന് യൂട്യൂബറെ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്‌തേക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള യൂട്യൂബിലെയും മറ്റ് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമായും വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൂഗിള്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നിയമവും.