കോഴിക്കോട്: ബുക്പ്ലസ് പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ആദ്യ എഡിഷന്‍ നവംബര്‍ 30 മുതല്‍ ഡിസംബർ 3 വരെ ബീച്ചില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നൂറോളം പ്രാദേശിക-ദേശീയ അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ 80ഓളം സെഷനുകളില്‍ സംബന്ധിക്കും. മൂന്ന് വേദികളില്‍ നൂറിലധികം സെഷനുകള്‍ ഫെസ്റ്റില്‍ നടക്കും. ഫെസ്റ്റിന്റെ തീം കടലാണ്. കടലുമായി ബന്ധപ്പെട്ട് 10ഓളം സെഷനുകള്‍ നടക്കും. കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗര പദവിയും മലയാള പ്രസാധനത്തിന്റെ 200-ാം വാര്‍ഷികവും ഫെസ്റ്റ് ചര്‍ച്ച ചെയ്യും. ബുക്ക് ഫെയറില്‍ ബുക്ക് പ്ലസിന്റെ 10ലധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. നവംബര്‍ 30ന് വൈകിട്ട് 6.30ന് സാദിഖലി ശിഹാബ് തങ്ങള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.എം.ബി.മനോജ്. ഡോ.പി.കെ.ഷറീഫ് ക്യുറേറ്റര്‍, ലത്തീഫ് നഹ എന്നിവര്‍ സംബന്ധിച്ചു.