സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം തടഞ്ഞുവെക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കേന്ദ്ര സസര്‍ക്കാര്‍ ഫണ്ട് നല്കുമ്പോള് ബ്രാന്റിംഗ് നടത്തിയില്ല എന്ന പേര് പറഞ്ഞാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട 5632 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. അത് ഈ സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയും, ഫെഡറല്‍ സംവിധാനത്തിന് എതിരുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പറയാനുണ്ടാകുമെങ്കിലും അതില്‍ കഷ്ടപ്പെടുന്നത് ജനങ്ങളൈണെന്നത് സര്‍ക്കാരുകള്‍ മറന്ന് പോകരുത്.
നെല്ല് സംഭരണവും, ഭക്ഷ്യസുരക്ഷയടക്കമുള്ളവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 760 കോടി രൂപ കൂടി ഇതിലുണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കേന്ദ്രവും കേരളവും ഭരിക്കുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇങ്ങനെ തമ്മില്‍ തല്ലുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഇത്തരം കാര്യങ്ങളൊന്നും ആര്‍ക്കും ഭൂഷണമല്ല. ജനങ്ങളുടെ ക്ഷേമാഐശ്വര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് സര്‍ക്കാരുകളുടെ പ്രാഥമിക കടമ. കേന്ദ്രാവിഷ്കൃത പദ്ധതികളാണെങ്കിലും സംസ്ഥാനാവിഷ്കൃത പദ്ധതികളാണെങ്കിലും എല്ലാം ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ജനാധിപത്യ ക്രമത്തില്‍ മാറി, മാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരുമാണ്.
ജനങ്ങള്‍ക്ക് ഇതെല്ലാം കൃത്യമായി മനസ്സിലാക്കാനും, അതിനനുസരിച്ച് നിലപാടെടുക്കാനും കഴിയുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കരുത്ത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളോട് മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായ ഗവര്‍ണര്‍മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കെതിരെ എടുക്കുന്ന നിലപാടുകള്‍ക്കെതിരെ സുപ്രീം കോടതി തന്നെ ആഞ്ഞടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ള വിഹിതം എത്രയും പെട്ടെന്ന് അനുവദിക്കുകയും, പദ്ധതികളുടെ ഐഡന്റിറ്റി ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുമാണ്.