കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് പണം നല്‍കുമ്പോള്‍ കേന്ദ്രത്തിന്റെ ബ്രാന്റിംഗ് രേഖപ്പെടുത്തിയില്ലെങ്കില്‍ പണം അനുവദിക്കില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രതിസന്ധിയിലായി. എന്നാല്‍ പദ്ധതികള്‍ക്ക് നാമമാത്ര ഫണ്ട് നല്‍കി ബ്രാന്റിംഗ് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ഒരു വീടിന് 75000 രൂപയാണ്. 4 ലക്ഷം രൂപയിലാണ് ഒരു ലൈഫ് വീട് പണിയുന്നത്. എന്നാല്‍ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവഴിക്കുമ്പോഴും പദ്ധതിയുടെ ബ്രാന്റിംഗ് കേന്ദ്ര പദ്ധതിയെന്നാണ്. കേന്ദ്രത്തിന്റെ ഈ നിലപാട് കാരണം സംസ്ഥാനത്തിന് 5632 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇതേ ആവശ്യം ഉന്നയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും മൂലധന ചിലവിനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം തടഞ്ഞു വെച്ചിരിക്കുകയാണ്. നെല്ല് സംഭരണത്തിനടക്കം കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 790 കോടി രൂപയും ഇങ്ങനെ തടഞ്ഞുവെക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.