ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ദിവസത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പത്തുരാജ്യങ്ങള്‍ മാറ്റുരച്ച കളിയില്‍ ഫൈനലിന് യോഗ്യത നേടിയത് ആതിഥേയരായ ഇന്ത്യയും അഞ്ചുതവണ ലോകകിരീടം ചൂടിയ ഓസ്ട്രേലിയയും. ഇവരില്‍ ആരാകും അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്തുക? നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ലോകകപ്പിന്റെ താരമാരാകും? ഇന്ത്യക്ക് കിട്ടുമോ ഈ പുരസ്‌കാരം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് വേണ്ടി കാത്തിരിക്കാം.
ക്രിക്കറ്റ് കളിലിയില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും 2011-ല്‍ യുവരാജ് സിങ്ങും. 2023 ലോകകപ്പില്‍ ഈ പുരസ്‌കാരം സ്വന്തമാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. ബാറ്റ്‌സ് മാന്‍ സൂപ്പര്‍ താരം വിരാട് കോലിയും ബൗളര്‍മാരില്‍ മുഹമ്മദ് ഷമിയും ഈ പുരസ്‌കാരത്തിനായി മത്സരിക്കുന്നു.
ഈ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന് 711 റണ്‍സെടുത്ത കോലിയുടെ റണ്‍വേട്ടയുടെ അടുത്ത് ആരുംതന്നെയില്ല. കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള പുരസ്‌കാരം കോലി ഉറപ്പാക്കിയിട്ടുണ്ട്. 101.57 ആണ് താരത്തിന്റെ ശരാശരി. ഷമിയുടെ കാര്യമെടുത്താല്‍ താരവും അത്ഭുതപ്രകടനമാണ് പുറത്തെടുത്തത്. വെറും ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷമി നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് ശരാശരിയും ഷമിയുടെ പേരിലാണ്.
ഈ രണ്ട് താരങ്ങള്‍ക്ക് പുറമേ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, ഓസീസ് താരങ്ങളായ ആദം സാംപ, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരുണ്ട്. രോഹിത് 10 ഇന്നിങ്‌സില്‍ 55 ശരാശരിയില്‍ 550 റണ്‍സാണ് നേടിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍: 10 ഇന്നിങ്‌സുകളിലായി 75.14 ശരാശരിയില്‍ 526 റണ്‍സും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മികച്ച ഇക്കണോമിയില്‍ പന്തെറിയുന്ന ബുംറ ഇതിനോടകം 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ താരങ്ങൡ മുന്നില്‍ നില്‍ക്കുന്നത് ആദം സാംപയാണ്. 10 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് ആദം നേടിയത്. ഓപ്പണറും ഓസീസിന്റെ ടോപ് സ്‌കോററുമായ ഡേവിഡ് വാര്‍ണര്‍ 10 ഇന്നിങ്‌സില്‍ നിന്ന് 52.80 ശരാശരിയില്‍ 528 റണ്‍സ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇരട്ടസെഞ്ചുറി നേടിയ ഏകതാരമായ ഗ്ലെന്‍ മാക്സ്വെല്‍ എട്ട് ഇന്നിങ്‌സില്‍ 66.33 ശരാശരിയില്‍ 398 റണ്‍സും അഞ്ചുവിക്കറ്റും സ്വന്തമാക്കി. ഇവരില്‍ ആരാകും ടൂര്‍ണമെന്റിലെ താരം എന്ന് കാത്തിരുന്നുകാണാം.