ബ്രാന്‍ഡ്സെന്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയും ബ്രസീലിനെയും കീഴടക്കി യുറുഗ്വായിയും കൊളംബിയയും.
അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരെ തകര്‍ത്തത്. 41-ാം മിനിറ്റില്‍ റൊണാള്‍ഡ് അറൗഹോയും 87-ാം മിനിറ്റില്‍ ഫോര്‍വേഡ് താരം ഡാര്‍വിന്‍ ന്യൂനസും ഗോളടിച്ചു. ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ഒട്ടമെന്‍ഡി, ക്രിസ്റ്റ്യന്‍ റൊമേറോ, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും അര്‍ജന്റീനയ്ക്ക് വിജയം നേടാനായില്ല.
ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയയുടെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്നശേഷമാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലും വലകുലുക്കി സൂപ്പര്‍ താരം ലൂയിസ് ഡയസ് കൊളംബിയയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു.
തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമടക്കം 12 പോയന്റാണ് ടീമിനുള്ളത്. യുറുഗ്വായാണ് രണ്ടാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഒന്‍പത് പോയന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ച് കളിയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമുള്ള ബ്രസീല്‍ പട്ടികയില്‍ അഞ്ചാമതാണ്.