ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി അയ്യന്‍ മൊബൈല്‍ ആപ്പ്

ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി അയ്യന്‍ മൊബൈല്‍ ആപ്പ്

പട്ടാമ്പി: ശബരിമല തീര്‍ഥാടകര്‍ക്ക് ശരണവഴിയില്‍ സഹായകമാകുന്നതിന് അയ്യന്‍ ആപ്പ് ഒരുക്കി വനം വകുപ്പ്.2023-24 വര്‍ഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ അയ്യന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല-സന്നിധാനം, എരുമേലി-അഴുതക്കടവ്-പമ്പ, സത്രം-ഉപ്പുപാറ-സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ അറിയാം.

പരമ്പരാഗത കാനനപാതകളിലെ സേവനകേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങള്‍, ഓരോ താവളത്തില്‍നിന്നും സന്നിധാനത്തേക്കുള്ള ദൂരം, അഗ്‌നിരക്ഷാസേന, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, കുടിവെള്ളവിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യന്‍’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനനപാതയുടെ കവാടങ്ങളിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

അയ്യപ്പന്മാര്‍ പാലിക്കേണ്ട പൊതുനിര്‍ദേശങ്ങളും പെരിയാര്‍ വന്യജീവിസങ്കേതത്തിന്റെ സമ്പന്നതയെക്കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. അടിയന്തരസഹായ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലെങ്കിലും ആപ്പ് സജീവമായിരിക്കും.ഓണ്‍ലൈനിലും ഓഫ് ലൈനിലും ആപ്പ് പ്രവര്‍ത്തിക്കും. തിരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *