അടിമാലി: ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം.പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അടിമാലിയില്‍ ഇരുവരെയും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്. ചീഫ് സെക്രട്ടറി ശരിയായ കണക്കുകള്‍ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു.
ക്ഷേമപെന്‍ഷന്‍ ലഭിക്കാതായതോടെയാണ് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ച അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെ സി.പി.എം തെറ്റായ പ്രചാരണം നടത്തിയിരുന്നു. സൈബര്‍ ആക്രമണവും ശക്തമായതോടെ തന്റെ പേരിലുള്ള സ്വത്തിന്റെ രേഖ ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫിലെത്തി. എന്നാല്‍ രേഖയില്ല എന്നുള്ള വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും അത് പുറത്ത് വിടുകയും ചെയ്തതോടെ പാര്‍ട്ടി അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.