തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണത്തിന് വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. ഇരുപത് വര്‍ഷം പഴക്കമുള്ള കേസ് ഫയലുകളാണ് വീണ്ടും സിബിഐയുടെ മുന്നില്‍ വരുന്നത്. വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേസ് സിബിഐ തന്നെ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഇത്തരവിട്ടു.ആറ് മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഹര്‍ജിക്കാരന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാം.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിച്ചാണ് കേസ്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത് പ്രായോഗികം അല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചെങ്കിലും കേസ് അന്വേഷണത്തിനുള്ള വഴികളടക്കുന്നത് നീതി നിഷേധമാണെന്നും ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് 120 കോടി രൂപയുടെ അഴിമതി ആരോപണം.
മീക്കോണ്‍ എന്ന കണ്‍സള്‍ടന്‍സി സ്ഥാപനം ഇടനില നിന്ന് ഫിന്‍ലന്‍ഡ്, യുകെ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കിയതില്‍ ഗൂഢാലോചന നടന്നതായാണ് കേസ് അന്വേഷിച്ച വിജിലന്‍സിന്റെ കണ്ടെത്തല്‍. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ചട്ടങ്ങള്‍ മറി കടന്നാണ് ഇടനില നിന്ന സ്ഥാപനം കരാര്‍ നടപ്പാക്കിയതെന്നും വിജിലന്‍സ് പറയുന്നു. എന്നാല്‍ എത്ര കോടി രൂപയുടെ ഇടപാടാണ് വിദേശ കമ്പനിയുമായി നടന്നതെന്ന് പോലും വിജിലന്‍സിന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ ക്ക് കേസ് കൈമാറുന്നതില്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സിബിഐ അന്വേഷണം ഉറപ്പായതോടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയപ്രാധാന്യമുള്ള കേസ് വീണ്ടും സജീവചര്‍ച്ചയിലേക്ക് വരികയാണ്.