എന്‍ഐടി കാലിക്കറ്റും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

എന്‍ഐടി കാലിക്കറ്റും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കോഴിക്കോട്: കാര്‍ഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു.
എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.ആര്‍.ദിനേശനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സംയുക്ത വിദ്യാഭ്യാസ, പരിശീലന, ഗവേഷണ പ്രവര്‍ത്തനങ്ങളാണ് സഹകരണം ലക്ഷ്യമിടുന്നത്. സാങ്കേതിക മേഖലകളിലെയും കാര്‍ഷിക മേഖലകളിലെയും അറിവ് കൈമാറ്റം ചെയ്തുകൊണ്ട് പരസ്പര സഹായം ഉറപ്പാക്കുന്നതാണ് ധാരണാപത്രം.

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ധാരണാപത്രം ഒട്ടനവധി നേട്ടങ്ങള്‍ക്ക് കാരണമാകുമെന്ന് എന്‍ഐടി കോഴിക്കോട് ഡയറക്ടര്‍ പ്രഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. ശരിയായ ഇടപെടല്‍, എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, ക്യാമ്പസ് സന്ദര്‍ശനങ്ങള്‍ എന്നിവ രണ്ട് പങ്കാളികളെയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരങ്ങള്‍ തിരിച്ചറിയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത ഗവേഷണങ്ങള്‍ മാറ്റിവെച്ച് ആധുനിക ഗവേഷണ വര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്‍ ഐ ടി യുമായുള്ള സഹകരണം സഹായിക്കുമെന്ന് ഭാരതീയ സുഗന്ധവിള കേന്ദ്രം ഡയറക്ടറായ ഡോ. ആര്‍. ദിനേശ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സുഗന്ധവിളകളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഈ സഹകരണം സാധ്യമാക്കും.

കോണ്‍ഫറന്‍സുകള്‍, സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളും ഇനിമുതല്‍ പരസ്പര സഹകരണം ഉറപ്പുവരുത്തും. കൂടാതെ, ഗവേഷണ താല്‍പ്പര്യമുള്ള മേഖലകളിലെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സ്ഥാപനങ്ങളിലെ ഗവേഷണ വിദ്യാഭ്യാസ മേഖലകള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് സ്ഥാപനങ്ങളിലെയും ഗവേഷകര്‍ വിവിധ പ്രൊജെക്ടുകളില്‍ ദീര്‍ഘകാലമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥാപനങ്ങള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. വി ശ്രീനിവാസന്‍, ക്രോപ് പ്രൊട്ടക്ഷന്‍ വിഭാഗം മേധാവി ഡോ. ഈശ്വര ഭട്ട്, ക്രോപ് ഇമ്പ്രൂവ്‌മെന്റ് വിഭാഗം മേധാവി ഡോ. ടി. ഇ. ഷീജ, നെമറ്റോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. മണിമാരന്‍ ബി. പ്രൊഫ. ജെ സുധാകുമാര്‍, ഡീന്‍ (ഫാക്കല്‍റ്റി വെല്‍ഫെയര്‍); പ്രൊഫ. ജോസ് മാത്യു, ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി – ഇന്‍സ്റ്റിറ്റിയൂഷണല്‍ റിലേഷന്‍സ് (സിഐഐആര്‍), സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ വി സജിത്ത്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയ ഡോ. ഷിഹാബുദ്ധീന്‍ കെ വി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗോപികൃഷ്ണ എസ്. എന്നിവര്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *