കോഴിക്കോട്: മാജിക് ഫ്രെയിംസ് സിനിമാസ് കുന്ദമംഗലം പാലക്കല്‍ മാളില്‍ മൂന്ന് സ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്‌സ് സമുച്ചയമാരംഭിക്കുകയാണെന്ന് ജന.മാനേജര്‍ പി.ജി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌ക്രീന്‍ ഒന്നില്‍ 107, സ്‌ക്രീന്‍ 2ല്‍ 130, സ്‌ക്രീന്‍ 3ല്‍ 177 സീറ്റുകളുണ്ട്. ടിക്കറ്റ് നിരക്ക് 180 രൂപയാണ്. വെല്‍വെറ്റ് ക്ലോത്ത് ഉപയോഗിച്ചുള്ള സോഫ സ്റ്റൈല്‍ ഇരിപ്പിടങ്ങളാണ് ഉള്ളത്. സാധാരണ മള്‍ട്ടിപ്ലക്‌സുകളിലേതിനേക്കാള്‍ വലിയ സ്‌ക്രീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ആര്‍ജിബി ലേസര്‍ സംവിധാനത്തിലുള്ള മൂന്ന് പ്രോജക്ടറുകളാണ് ഏറ്റവും വലിയ പ്രത്യേകത. വിശാലമായ പാര്‍ക്കിംഗ്, നൂതന കഫെ, ഗെയിംസോണ്‍ ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സീറ്റുകള്‍ക്കും ഒരു ചാര്‍ജ്ജ് മാത്രമേ ഈടാക്കുകയുള്ളൂ. ആകര്‍ഷകമായ ഓഫറുകളും ഭാവിയില്‍ പ്രഖ്യാപിക്കും. നിലവില്‍ മാജിക് ഫ്രെയിംസിന് കോഴിക്കോട് രാധ, ഗുരുവായൂര്‍ ജയശ്രീ, തിരൂര്‍ അനുഗ്രഹ, മട്ടന്നൂര്‍ സഫീന, തലശ്ശേരി ടൗണ്‍മാള്‍, കാസര്‍കോഡ് മെഹബൂബ് കോംപ്ലക്‌സ് എന്നീ തിയേറ്ററുകളിലാണ് ഉള്ളത്.
പെരുമ്പിലാവ് ഫാല്‍ക്കണ്‍ മാള്‍, പട്ടാമ്പി ഗരുഢമാള്‍,ചൂണ്ടല്‍ ഖാദേഴ്‌സ് മാള്‍ എന്നിവിടങ്ങളില്‍ 10 സ്‌ക്രീനുകള്‍ പൂര്‍ത്തിയായി വരുന്നുണ്ട്.
പ്രശസ്ത സിനിമാ നിര്‍മ്മാതാവും, ആള്‍ കേരള സിനിമാ വിതരണ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ലിസ്റ്റിന്‍ സ്റ്റീഫനാണ് മാക്‌ഫ്രെയിംസ് സിനിമാസിന്റെ ഉടമ.