കോഴിക്കോട്: സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും, ഉല്‍പ്പന്ന വൈവിധ്യങ്ങളും പരിചയപ്പെടുത്തുന്ന ഗ്രീന്‍ എനര്‍ജി എക്സ്പോ- 2023 17,18,19 തീയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സോളാര്‍ വിപണന രംഗത്തെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘മാസ്റ്റേര്‍സ’് ന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എക്സപോയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. നാളെ രാവിലെ 11 മണിക്ക് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് എക്സ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
എക്സ്പോയുടെ ഭാഗമായി 17-ാം തീയതി രാവിലെ 11 മുതല്‍ ജോബ് ഫെയര്‍ നടക്കും. 500ലേറെ വരുന്ന കേരളത്തിലെ സോളാര്‍ രംഗത്തെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള ജോബ് ഫെയറാണ് സംഘടിപ്പിക്കുന്നത്. എക്സ്പോ നടക്കുന്ന മൂന്ന് ദിവസവും രാത്രി 7 മണി മുതല്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വേദിയില്‍ സാംസ്‌കാരിക പരിപാടികളുണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. റോഡ് ഷോ, ബോധവല്‍ക്കരണ സദസ്സുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും എക്സ്പോയുടെ ഭാഗമായി നടക്കും.
പ്രദര്‍ശന ദിവസങ്ങളില്‍ സൗരോര്‍ജവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നടത്തുന്ന സെമിനാറുകളും സംവാദ സദസുകളും സംഘടിപ്പിക്കും. സുസ്ഥിര വികസന മാതൃകയില്‍ പാരമ്പര്യേതര ഊര്‍ജോല്‍പാദനം, സംഭരണം, ഉപയോഗം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ പ്രോജക്റ്റ് ആയോ സംരംഭങ്ങളായോ വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ക്കും വാണിജ്യ മാതൃകകള്‍ക്കും എക്സ്പോയില്‍ സൗജന്യ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മാസ്റ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
ഗ്രീന്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്കായി ധനലക്ഷ്മി ബാങ്കുമായി ധാരണയിലെത്തിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.വി.ജയകൃഷ്ണന്‍, സെക്രട്ടറി സി.എ.ബിജു, എക്സ്പോ ചെയര്‍മാന്‍ രാജേഷ് തെക്കന്‍, വൈസ് പ്രസിഡന്റ് റെനി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സാജന്‍ വി. വര്‍ഗീസ, ജോബ് ഫെയര്‍ കോര്‍ഡിനേറ്റര്‍ രാജേഷ് പുന്നടിയേല്‍, കോര്‍ഡിനേറ്റര്‍ നൗഫല്‍ റോസൈസ് എന്നിവര്‍ പങ്കെടുത്തു.