കോഴിക്കോട്: പുരാതന കാലം മുതല്‍ അനുഷ്ഠിച്ച് വരുന്ന കര്‍മ്മമായ തെയ്യത്തെ തെരുവില്‍ പ്രദര്‍ശിപ്പിച്ച് അപഹാസ്യരാക്കരുതെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നും ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന (മലയൻ സുദായം) കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെയ്യം ദൈവത്തിന്റെ പ്രതിരൂപമാണ്. കല എന്ന അര്‍ത്ഥത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നല്ല തെയ്യമെന്ന് മുതിര്‍ന്ന തെയ്യം കലാകാരൻ ഒ.കെ.ഗംഗാധരനും, സി.കെ.ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഥകളിപോലെ ഒരു കലാരൂപം മാത്രമല്ല തെയ്യം. പവിത്രമായ ഈ അനുഷ്ഠാനത്തെ ഷോപ്പിംഗ് മാളുകളിലും സാംസ്‌കാരിക പരിപാടികളിലും, സ്റ്റേജുകളിലും റോഡിലൂടെയും കെട്ടിപ്പൊക്കുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തല്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, വിജയന്‍ മുതുവന, ദിനേശന്‍ തൊട്ടില്‍പാലം എന്നിവരും പങ്കെടുത്തു.