സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ആധുനിക ചോദ്യം ചെയ്യല്‍ മുറി

സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ആധുനിക ചോദ്യം ചെയ്യല്‍ മുറി

കോഴിക്കോട: മാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ നടനും മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിന് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യല്‍ മുറി (Police Interrogation Room) സജ്ജം. ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതിയില്‍ ഉണ്ടാകുന്ന ഭാവ ചനലങ്ങള്‍ ഒപ്പിയെടുക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ എ സി റൂമിലുണ്ട്.

180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. സീനിയര്‍ പൊലീസ് ഓഫിസര്‍ക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയില്‍നിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാല്‍ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല.

ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേ ഭാരത് ട്രെയിനില്‍ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടര്‍ന്ന് സ്റ്റേഷനില്‍ എത്തുമെന്നാണു വിവരം. നവംബര്‍ 18നകം ഹാജരാകണമെന്ന് നിര്‍ദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നല്‍കിയിരുന്നത്.

ഒക്ടോബര്‍ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത, രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *