ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് മാറിയശേഷം സിപിഎമ്മിന് രൂപം നല്‍കിയവരിലൊരാളായിരുന്നു ശങ്കരയ്യ. 1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലും ഉണ്ടായിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിനേഴാംവയസ്സിലാണ് അദ്ദേഹം സി.പി.ഐ. അംഗമാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു ജീവിതം. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂര്‍ സഖാക്കളെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ശങ്കരയ്യയും സഹതടവുകാരും ജയിലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങള്‍ക്കുനടുവിലൂടെയായിരുന്നു കയ്യൂര്‍ സഖാക്കളുടെ തൂക്കുമരയാത്ര.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശങ്കരയ്യ പലതവണ ജയിലിലായി. അത്രതന്നെ ഒളിവിലുംപോയി. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലിലടയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട്. 1965-ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായപ്പോള്‍ പതിനേഴുമാസം ജയിലില്‍ കിടന്നു.
ശങ്കരയ്യയോടൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സക്രിയയായിരുന്ന ഭാര്യ നവമണി അമ്മാള്‍ 2016-ലാണ് അന്തരിച്ചത്. മൂന്നുമക്കളുണ്ട്.