തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കരുത്
അക്രമങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങളും പ്രസംഗങ്ങള്‍ എന്നിവയെ തടയണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) അവലോകന യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി കെഎസ് മുഹമ്മദ് ഹുസൈനാണ് ആവശ്യം മുന്നോട്ടുവച്ചത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
തദ്ദേശീയ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കുട്ടികളോടുള്ള ഘടനാപരമായ വിവേചനം ഇല്ലാതാക്കണമെന്നും കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളിലെ അസമത്വം ഇല്ലാതാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആധുനിക അടിമത്വ’ത്തിന്റെ പേരില്‍ കാനഡയെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ശിപാര്‍ശ. തൊഴിലാളികളെ സംരക്ഷിക്കുക, ചൂഷണത്തിന് സാധ്യതയുള്ള വിവേചനങ്ങള്‍ കൈകാര്യം ചെയ്യുക, എല്ലാ കുടിയേറ്റക്കാര്‍ക്കും സ്ഥിരതാമസത്തിനുള്ള വ്യക്തമായ മാര്‍ഗങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കനേഡിയന്‍ അധികാരികള്‍ക്ക് മുമ്പാകെ മനുഷ്യാവകാശ സമിതി അവതരിപ്പിച്ചു.