ഇന്ന് ലോക പ്രമേഹ ദിനം.വര്‍ഷംതോറും പ്രമേഹ രോഗികളുടെ എണ്ണം ആശങ്ക പരത്തുന്ന വിധം വര്‍ധിയ്ക്കുകയാണ്. പ്രമേഹം മറ്റ് പല അസുഖങ്ങള്‍ക്കും വഴിവെയ്ക്കും എന്നതിനാല്‍ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രമേഹം തികച്ചും അപകടകാരി തന്നെയാണ്.ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വരുമാനം വളരെ കുറഞ്ഞ രാജ്യങ്ങളിലും സാധാരണ വരുമാനമുള്ള രാജ്യങ്ങളിലുമാണ് പ്രമേഹ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ വര്‍ധിയ്ക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുഴുവന്‍ മനുഷ്യരെയും ബാധിയ്ക്കുന്ന രീതിയിലേയ്ക്ക് പ്രമേഹം വ്യാപിയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അഥവാ മാറുന്ന അവസ്ഥയാണ് പ്രമേഹം.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ പാന്‍ക്രിയാസ് ഗ്രന്ഥി ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉത്പാദിപ്പിച്ച് അതിനെ നിയന്ത്രിക്കുന്നു. എന്നാല്‍ അമിതമായ പഞ്ചസാര രക്തത്തില്‍ കലരുന്നത് വഴി പാന്‍ക്രിയാസിന് അതിനെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഇങ്ങനെ രക്തത്തില്‍ പഞ്ചസാര അടിഞ്ഞു കൂടാന്‍ കാരണമാകുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണങ്ങളും’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം.
ടൈപ്പ് 1 പ്രമേഹം: പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉദ്പാദിപ്പിയ്ക്കാതെ വരുമ്പോള്‍ സംഭാവിയ്ക്കുന്നതാണ് ഇത്.
ടൈപ്പ് 2 പ്രമേഹം: പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ശരീരത്തിന് അത് കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. പലപ്പോഴും അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയവ കാരണമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.
നല്ല ഭക്ഷണ രീതി പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പ്രമേഹം എന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിയ്ക്കും. തുടര്‍ച്ചയായി മരുന്ന് കഴിച്ചും കൃത്യമായി വ്യായാമം ചെയ്തുകൊണ്ടും ഇതിനെ മറികടക്കാനും കഴിയും.