ജറുസലേം: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടങ്ങിയതുമുതല്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 27 ജീവനക്കാരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ചരിത്രത്തിലാദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയധികം യു.എന്‍. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നും ഏജന്‍സി വ്യക്തമാക്കി. ഗാസയില്‍ മരിച്ച പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ലോകത്തെല്ലായിടത്തുമുള്ള യു.എന്‍. ഓഫീസുകള്‍ക്കുമുന്നിലെ പതാക താഴ്ത്തിക്കെട്ടി ജീവനക്കാര്‍ മൗനം ആചരിച്ചു.
അതേസമയം, ഇസ്രയേല്‍ സൈന്യം ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാന്‍ നീങ്ങിയതിനാല്‍ ഗാസാമുനമ്പില്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍ഡ് പറഞ്ഞു. ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും മുന്നേറുകയാണെന്നും ഹമാസ് തെക്കോട്ടു പലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.