തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ കാര്യക്ഷമമല്ലാകത്ത പ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രഫണ്ടിന്റെ യഥാര്‍ഥ കണക്കും മന്ത്രി പുറത്തുവിട്ടു.
സാമൂഹ്യസുരക്ഷാ പെന്‍ഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവന്‍ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നും, 604.14 കോടിയാണ് വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവയ്ക്കായി കേരളത്തിന് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴാം ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശ്ശികയായ 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അവസാന തിയതി 2022 മാര്‍ച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതില്‍ കുടിശിക ഇല്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാവശ്യമായ മൂലധന സഹായ ഇനത്തില്‍ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് തടസം. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30-ന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നവംബര്‍ ആദ്യ ആഴ്ചയിലും കേരളം ഇത് നല്‍കിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങള്‍വഴി നല്‍കുന്ന ഹെല്‍ത് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ (2022 23 ) 421.81 കോടി നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നത് 137.17 കോടിയാണ്. അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതിനാലാണ് ബാക്കി തുക കൈമാറാത്തത്.
കേന്ദ്രം അനുവദിക്കുന്ന തുക കേരള സര്‍ക്കാര്‍ പലപ്പോഴും വകമാറ്റി ചെലവഴിക്കുകയോ ലാപ്‌സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മത്സ്യയോജന, വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനപ്രകാരം ലഭിച്ച 13,286 കോടിയില്‍ 7855.95 മാത്രമാണ് കേരളം ചെലവിട്ടത്.
ധനക്കമ്മി ഗ്രാന്റില്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്് രാജ്യത്തെ 17 സംസ്ഥാനങ്ങള്‍ക്ക് റവന്യു കമ്മി ഗ്രാന്റ് നല്‍കി വരുന്നുണ്ട്. ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് ആദ്യ വര്‍ഷംതന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാവുന്നതാണ്. ‘ ഇപ്പോള്‍ കുറച്ചു’ എന്ന് പറയുന്നത് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കലാണ്. രാജ്യത്ത് ഏറ്റവുമധികം റവന്യൂ കമ്മി ഗ്രാന്റ് കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
‘ഓഫ് ബജറ്റ് ബോറോവിങ് ‘ എന്ന പേരില്‍ നടത്തുന്ന കടമെടുപ്പിന്റെ തിരിച്ചടവ് ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും ഇഷ്ടംപോലെ കടമെടുക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നതിനാലാണ് ജിഎസ്ഡിപിയുടെ 3% എന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്‌മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.