തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വെറുതെപോയി ആന്റിബയോട്ടിക് വാങ്ങികഴിച്ചു ശീലമുള്ളവരാണ് മിക്കയാളുകളും. രണ്ടോമൂന്നോ ദിവസം നില്‍ക്കാതെ പനിച്ചാലും ചുമച്ചാലും അപ്പോള്‍ സ്വയം ആന്റിബയോട്ടിക് ചികിത്സ നടത്തും. രോഗത്തിനു പിന്നില്‍ വൈറസാണോ ബാക്ടീരിയയാണോ എന്നു പരിശോധിക്കാനോ ശരീരത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവസരം നല്‍കാനോ കാത്തു നില്‍ക്കാതെ ആന്റിബയോട്ടിക്കുകളില്‍ അമിതമായി അഭയം തേടുന്നതുകൊണ്ട് പകുതിയിലേറെപേരുടെ ശരീരത്തിലും ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കാത്ത അവസ്ഥയാണ്.ലോകാരോഗ്യസംഘടന പോലും ആധിയോടെ കാണുന്ന ആഗോള ആരോഗ്യഭീഷണിയായി തുടരുന്ന സ്ഥിതിവിശേഷമാണിത്.
നമ്മുടെ ലോകമെമ്പാടും ബാക്ടീരിയകളാല്‍ നിറഞ്ഞതാണ്. സുക്ഷ്മ ജീവികളായ അവ മിക്കതും നിരുപദ്രവകാരികളാണ്.പ്ലേഗ്, കോളറ, ക്ഷയം, ന്യുമോണിയ, ഡിഫ്ത്തീരിയ തുടങ്ങി രോഗമുണ്ടാക്കുന്നവയും മരണത്തിലേക്കു നയിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ തുരത്താനായാണ് ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയത്.
ശരീരത്തിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയോ അവയെ ഇല്ലാതാക്കുകയോ ആണ് ആന്റിബയോട്ടിക്കുകളുടെ കര്‍ത്തവ്യം. ചെറിയതരം അണുബാധകള്‍, വൈറല്‍ ഇന്‍ഫെക്ഷനുകള്‍, ഇന്‍ഫ്‌ലുവന്‍സ, ജലദോഷം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ആന്റിബയോട്ടിക്കുകളുടെ തുടര്‍ച്ചയായും അനുചിതവുമായ ഉപയോഗമാണ് ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കാത്ത അവസ്ഥയിലേക്ക് നമ്മെ നയിക്കുന്നത്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുകയും അണുബാധ തീവ്രമാക്കുകയും ചെയ്യുന്ന സൂക്ഷ്മജീവികളെ സൂപ്പര്‍ബഗുകള്‍ എന്നാണ് വിളിക്കുന്നത്. സൂപ്പര്‍ബഗുകളുടെ തോത് കൂടുന്നതിനനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയുകയും ചെയ്യും.
അപ്പോള്‍ സൂക്ഷിക്കുക ആന്റിബയോട്ടിക്കുകള്‍ അത്യാവശ്യ്തതിന് മാത്രം ഉപയോഗിക്കുക.