തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ ഫലമായി മഴ തുടരുമെന്നാണ് അറിയിപ്പ്.
അതേസമയം ഇന്ന് സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്
നവംബര്‍ 18 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 15 തീയതികളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് നവംബര്‍ 16 ഓടെ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.