മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് തള്ളി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനാശ്വാസം.മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയാണ് ലോകായുക്ത തള്ളി. ദുരിതാശ്വാസനിധിയില്‍നിന്നു പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത പറഞ്ഞു.

മൂന്നു ലക്ഷത്തിനു മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസില്‍ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

2018 സെപ്റ്റംബര്‍ ഏഴിനാണു തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ്.ശശികുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ടംഗ ഡിവിഷന്‍ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടര്‍ന്നു ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിടുകയായിരുന്നു.

ഹര്‍ജി വിധി പറയുന്നതില്‍ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും ഇന്നു തള്ളി. വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍, ദുരിതാശ്വാസനിധി പരാതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പരേതനായ കെ.കെ.രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് വിധി പറയുന്നതില്‍ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ഇതു ലോകായുക്ത തള്ളുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *