ഇനി ആരോടും മാതൃഭാഷയില്‍ സംസാരിക്കാം. പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ഓണ്‍ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ. എഐ ലൈവ് ട്രാന്‍സ്‌ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാന്‍ നിലവില്‍ തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിക്കണം. പുതിയ ഫീച്ചര്‍ വരുന്നതോടെ അതിന് മാറ്റമുണ്ടാകും.
ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചര്‍ ആഡ് ചെയ്യുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍ സംസാരത്തിന്റെ പ്രൈവസി നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയാകുമെന്ന് സാംസങ് പറയുന്നു. അടുത്ത വര്‍ഷം ആദ്യം ഗ്യാലക്‌സി എഐ ആക്ടീവാകുമെന്നാണ് സൂചന.
ഗ്യാലക്‌സി എഐക്കു പുറമെ, സാംസങ് എഐ ഫോറം 2023 ല്‍ കമ്പനിയുടെ മറ്റൊരു എഐ ടെക്‌നോളജിയും പരിചയപ്പെടുത്തിയിരുന്നു. സാംസങ് ഗോസ് (Gauss) എന്ന പേരില്‍ ലാര്‍ജ് ലാംഗ്വെജ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്. ചാറ്റ്ജിപിടിക്കു സമാനമായ പല ഫീച്ചറുകളുമാണ് ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്.