കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവാസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രവാസി വരുമാനത്തിന്റെ ഗുണഭോക്താക്കള്‍ കേന്ദ്രസര്‍ക്കാരാണ് എന്നാല്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ഒരു തരത്തിലുള്ള സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.ഞായറാഴ്ച കൊയിലാണ്ടി മുനിസിപ്പല്‍ ഹാളില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി.
കാനത്തില്‍ ജമീല (എം. എല്‍. എ), കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ള, ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാല്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം. സുരേന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, സലിം മണാട്ട്, ജില്ലാ വൈ. പ്രസിഡന്റ്മാരായ കെ. കെ ശങ്കരന്‍, കബീര്‍ സലാല, ജോ. സെക്രട്ടറിമാരായ ടി. പി ഷിജിത്ത്, ഷംസീര്‍ കാവില്‍, വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് എം. കെ സൈനബ, കൊയിലാണ്ടി ഏരിയ സെക്രട്ടറി പി. ചാത്തു എന്നിവര്‍ സംസാരിച്ചു. പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് കണ്‍വെന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു