വാഹന നിര്‍മ്മാണ രംഗത്ത് ഇന്ത്യയില്‍ ഏറെ പെരുമ നേടിയ ടാറ്റാ മോട്ടോഴ്‌സ് ഇനി സി.എന്‍.ജി വാഹന വിപണിയിലും തങ്ങളുടെ ഖ്യാതി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.മൂന്ന് ഇലക്ട്രിക് മോഡലുകളാണ് ടാറ്റ മോട്ടോഴ്സ് ഇതുവരെ വിപണിയില്‍ എത്തിച്ചത്. സി.എന്‍.ജി. മോഡലുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ടാറ്റ മോട്ടോഴ്സിന്റെ ആദ്യ ലക്ഷ്യം. ടാറ്റ അള്‍ട്രോസിന്റെ സി.എന്‍.ജി. മോഡലില്‍ പരീക്ഷിച്ച് വിജയിച്ച ഡബിള്‍ സിലണ്ടര്‍ സംവിധാനമുള്ള കൂടുതല്‍ സി.എന്‍.ജി. വാഹനങ്ങള്‍ എത്തിക്കുന്നതിനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ടിയാഗോ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സി.എന്‍.ജി. ടാങ്ക് സ്ഥാപിച്ചിരിക്കുന്നതിനാല്‍ തന്നെ ബൂട്ട് സ്പേസ് നഷ്ടമായിരുന്നു. ഡബിള്‍ സിലണ്ടര്‍ സംവിധാനത്തിലൂടെ ഇത് പരിഹരിക്കാന്‍ സാധിക്കും.
മൂന്ന് വര്‍ഷക്കാലമായി സി.എന്‍.ജി. വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സി.എന്‍.ജി. ലഭ്യത കാര്യക്ഷമമായതും, കൂടുതല്‍ മോഡലുകള്‍ സി.എന്‍.ജി. ഇന്ധനമാക്കി എത്തിയതുമാണ് ഇത്തരം വാഹനങ്ങളുടെ സ്വീകാര്യത ഉയരാന്‍ കാരണം. ഇതിനൊപ്പം, പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പ്രവര്‍ത്തന ചെലവാണെന്നതും സി.എന്‍.ജി. വാഹനങ്ങളെ ജനപ്രിയമാക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ സി.എന്‍.ജിയില്‍ വിപണിയില്‍ എത്തുന്നുണ്ട്. മാത്രമല്ല ഇന്ന് ഒരുപാട് സിഎന്‍ജി സ്റ്റേഷനുകളും ഉണ്ട്.
ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന തുടങ്ങിയ മേഖലകളിലാണ് സി.എന്‍.ജി. വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍കുതിപ്പ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നാല് ലക്ഷം സി.എന്‍.ജി. വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഇതില്‍ 50,000 യൂണിറ്റ് ടാറ്റയില്‍ നിന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു.