മലപ്പുറം: ഹലാല്‍ ആടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസിലെ പ്രതി ബി.ജെ.പിയില്‍. റിഷാദ് മോന്‍ എന്ന റിഷാദ് സുല്ലമിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നല്‍കി ഇയാളെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.
പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശിയാണ് റിഷാദ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബകളില്‍ ആട് കച്ചവടത്തെ കുറിച്ച് വിശദീകരിച്ചും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുമായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇത്തരത്തില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 120ഓളം പേരില്‍നിന്നായി ഇയാള്‍ കോടികള്‍ തട്ടിയതായാണ് കേസ്.
കേസില്‍ 2022 ഡിസംബറിലാണ് റിഷാദ് അറസ്റ്റിലായത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബി.ജെ.പി മൈനോരിറ്റി മോര്‍ച്ച നല്‍കിയ പരിപാടിയിലാണ് റിഷാദ് ബി.ജെ.പി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഊര്‍ങ്ങാട്ടിരി ചെക്കുന്നുമലയില്‍ റിഷാദ് ഉള്‍പ്പെട്ട സംഘം സ്വന്തമായി ആട്, കോഴി ഫാമുകള്‍ നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. അരീക്കോട്, ഊര്‍ങ്ങാട്ടിരി, എടവണ്ണ ഭാഗങ്ങളിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.