കോഴിക്കോട് : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവ നേതൃത്വം നലകുന്ന 31- ആമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം നാളെ സി ഡബ്ല്യുആര്‍ഡിഎം ക്യാമ്പസില്‍ നടക്കും. രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ സിഡബ്ല്യആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കപ്പെട്ടവയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ‘മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ മനസ്സിലാക്കാം’ എന്ന വിഷയത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ നാല്പതോളം ടീമുകളും സീനിയര്‍ വിഭാഗത്തില്‍ എണ്‍പതിലധികം ടീമുകളും മത്സരത്തിനെത്തും. വിജയിക്കുന്നവര്‍ നവംബര്‍ അവസാനം നടക്കുന്ന സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ഥന്‍ മെമ്പര്‍ കണ്‍വീനറും റവന്യൂ ജില്ലാ സയന്‍സ് ക്‌ളബ്ബ് അസോസിയേഷന്‍ സെക്രട്ടറി എം.പ്രശാന്ത് അക്കാഡമിക് കോര്‍ഡിനേറ്ററുമായ സമിതിയാണ് ജില്ലയില്‍ ക്രമീകരണങ്ങള്‍ നടത്തുന്നത്.