അഞ്ച് മണിക്കൂറിലും കുറവാണോ ഉറങ്ങുന്ന സമയം? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അഞ്ച് മണിക്കൂറിലും കുറവാണോ ഉറങ്ങുന്ന സമയം? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇന്നത്തെ കാലത്തെ മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ഉറക്കകുറവിന് കാരണമാകാറുണ്ട്. പലരും സിനിമകള്‍ക്കും ഗെയിമുകള്‍ക്കുമായി സ്‌ക്രീന്‍ ടൈം കൂടുതല്‍ ഉപയോഗിക്കുന്നു. ഇത് മിക്കപ്പോഴും രാത്രിയില്‍ ഉറങ്ങുന്ന സമയത്തായിരിക്കും. ഉറക്കം കുറഞ്ഞാല്‍ ഉന്മേഷക്കുറവ് മാത്രമല്ല. ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ശരീരത്തിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ആവശ്യത്തിന് ശ്രദ്ധ ഉറക്കത്തിന് കൊടുക്കുന്നില്ല. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ഒരാളുടെ ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ട കാര്യം.

സ്ഥിരമായ ഉറക്കം ലഭിക്കാത്തത് ഹൃദയാഘാതം, ടൈപ്പ് – 2 പ്രമേഹം, പൊണ്ണത്തടി, ഡിമെന്‍ഷ്യ തുടങ്ങിയ മാരക രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പുതിയ പഠനമനുസരിച്ച് സ്ഥിരമായി അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് വിഷാദരോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കും എന്നാണ് പറയുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ട്രാന്‍സ്ലേഷണല്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.

ഉറക്കമില്ലായ്മ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് വികസിപ്പിക്കുന്നതില്‍ ഉറക്കക്കുറവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ചില പഠനങ്ങള്‍ പറയുന്നു. ഉറക്കമില്ലായ്മ വിവിധ കാരണങ്ങളാലാണ് സംഭവിക്കുന്നത്. വിചിത്രമായ ജോലി സമയം, അമിത മദ്യപാനം എന്നിവ ഉറക്ക കുറവിന് കാരണമാകുന്ന സാധാരണ ശീലങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *