കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി.കേശവമേനോന്റെ സ്മരണാര്‍ത്ഥം കെ.പി.കേശവമേനോന്‍ സ്മാരക സമിതി നല്‍കി വരുന്ന പുരസ്‌കാരത്തിന് ആധ്യാത്മിക പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ എ.കെ.ബി.നായരെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
നവംബര്‍ 11ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അളകാപുരിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും നിര്‍വ്വഹിക്കും. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷം വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിക്കും. കെ.പി.കേശവമേനോന്റെ ദൗഹിത്രനും മാതൃഭൂമി മുന്‍ പത്രാധിപരുമായ എം.കേശവമേനോന്‍ പ്രശംസാ പത്രം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.വാസുദേവന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ഗോപിനാഥ് ചേന്നര, ദിനല്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.