മസ്‌കത്ത്: വിനോദ സഞ്ചാര മേഖല ലക്ഷ്യം വെച്ച് ജി.സി.സി രാജ്യങ്ങളിലെ ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാര്‍ അംഗീകാരം നല്‍കി. മസ്‌കത്തില്‍ചേര്‍ന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത് യോഗത്തിലാണ് തീരുമാനം. ജി.സി.സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും തുടക്കം കുറിച്ചു.
യോഗത്തില്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷതവഹിച്ചു. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സായിഫ് സായിദ് അല്‍ നഹ്‌യാന്‍, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സൗദ് അല്‍സൗദ്, ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് എന്നിവര്‍ പങ്കെടുത്തു.
ഷെന്‍ഗന്‍ വിസ മോഡലില്‍ ഒരു വിസ കൊണ്ട് മറ്റ് എന്‍ട്രി പെര്‍മിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദര്‍ശനം നടത്താന്‍ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവില്‍ ജി.സി.സി പൗരന്മാര്‍ക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാന്‍ കഴിയും. എന്നാല്‍, ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകള്‍ ആവശ്യമാണ്.