വടക്കന്‍ ഗാസയില്‍നിന്ന് കൂട്ടപലായനം പകര്‍ച്ചവ്യാധി ഭീഷണിയെന്ന് ഡബ്ല്യുഎച്ച്ഒ

വടക്കന്‍ ഗാസയില്‍നിന്ന് കൂട്ടപലായനം പകര്‍ച്ചവ്യാധി ഭീഷണിയെന്ന് ഡബ്ല്യുഎച്ച്ഒ

ഇസ്രയേല്‍ ആക്രമണം കരമാര്‍ഗം കൂടി വ്യാപിപ്പിച്ചതോടെ വടക്കന്‍ ഗാസയില്‍നിന്ന് ആളുകള്‍ കൂട്ടപലായനം തുടങ്ങി. ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പലായനം ശക്തമായത്. പതിനായിരങ്ങളാണ് കാല്‍നടയായി തെക്കന്‍ ഗാസയിലേക്ക് നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ മാത്രം അന്‍പതിനായിരത്തോളം പേരാണ് വടക്കന്‍ ഗാസയില്‍ ഒഴിഞ്ഞുപോയത്. വടക്കന്‍ ഗാസ വിടണമെന്ന മുന്നറിയിപ്പ് പിന്നാലെ മേഖലയില്‍ നിന്നുള്ള പ്രധാന പാതകള്‍ ഇസ്രയേല്‍ സൈന്യം തുറന്നുനല്‍കുകയും ചെയ്തിരുന്നു.ഗാസയിലെ ആരോഗ്യസംവിധാനങ്ങള്‍ തകര്‍ന്നുകിടക്കുന്ന സാഹചര്യവും, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതും പകര്‍ച്ചവ്യാധികളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതും ആളുകളുടെ പാലായത്തിന് ആക്കം കൂട്ടുന്നു.

ഇന്ധനത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഗാസയിലെ ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലച്ചു. ഇത് വയറിളക്കം പോലുള്ള രോഗങ്ങള്‍ പടരാന്‍ കാരണമായിട്ടുണ്ട്. മുനമ്പില്‍ ഒക്ടോബര്‍ പകുതി മുതല്‍ 33,551-ലധികം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭൂരിഭാഗവും അഞ്ചുവയസിന് താഴെ പ്രായമുള്ളവരാണെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഇന്ധനത്തിന്റെ അഭാവം ഖരമാലിന്യങ്ങളുടെ സംസ്‌കരണം തടസപ്പെടുത്തിയിരുന്നു. ”രോഗങ്ങള്‍ പരത്തുന്ന പ്രാണികളുടെയും എലി പോലെയുള്ള ജീവികളും പെരുകുന്നതിനെ അനുകൂലമായ സാഹചര്യം ഇത് സൃഷ്ടിച്ചിരുന്നു.

ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പതിവ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *