സംരംഭകര്‍ക്ക് കേരളം ‘ചെകുത്താന്റെ സ്വന്തം നരകം’ ശശി തരൂര്‍

സംരംഭകര്‍ക്ക് കേരളം ‘ചെകുത്താന്റെ സ്വന്തം നരകം’ ശശി തരൂര്‍

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളം സംരംഭകര്‍ക്ക് ‘ചെകുത്താന്റെ സ്വന്തം നരക’മാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യകള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണെന്നും തരൂര്‍. കൊച്ചിയില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം മുടക്കി സംരംഭം ആരംഭിച്ചവര്‍ക്ക് അത് സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാലാണ് സംരംഭകര്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് സംരംഭകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ചുവപ്പുനാടയില്‍ മുറുകുന്ന നിയമങ്ങളും നിയന്ത്രണങ്ങളും, ഉദ്യോഗസ്ഥമേധാവിത്വവും, അമിതമായ രാഷ്ട്രീയവത്കരണവും, ഹര്‍ത്താലുകളുമ എല്ലാമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കി കോണ്‍ഫറന്‍സില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചില നിര്‍ദ്ദേശങ്ങളും തരൂര്‍ മുന്നോട്ടുവച്ചു. ‘നിയമങ്ങള്‍ പുനഃപരിശോധിച്ചാല്‍ തന്നെ 90 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. സിങ്കപ്പൂരില്‍ മൂന്ന് ദിവസം മതി ഒരു സംരംഭം തുടങ്ങാന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലിത് 114 ദിവസമാണ്. എന്നാല്‍, കേരളത്തില്‍ ഒരു സംരംഭം ആരംഭിക്കണമെങ്കില്‍ 236 ദിവസമാണ് വേണ്ടത്. ഇത് നീതീകരിക്കാനാകില്ല. കാലഹരണപ്പെട്ടവ ഒഴിവാക്കി നമ്മുടെ നിയമങ്ങള്‍ പുതുക്കിയെഴുതണം അദ്ദേഹം പറഞ്ഞു.
ഹര്‍ത്താല്‍ നിരോധിക്കാനുള്ള നിയമം, സംരംഭകരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. നിയമം സംരക്ഷിക്കുമെന്ന ആത്മവിശ്വാസമുണ്ടായാല്‍ മാത്രമേ കേരളത്തിലേക്ക് സംരംഭകര്‍ എത്തൂ. നമ്മുടെ സര്‍വ്വകലാശാല കരിക്കുലവും മാറ്റത്തിന് വിധേയമാകേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *