കോഴിക്കോട്: ടിബിഎസ്-പൂര്‍ണ്ണ സ്ഥാപകന്‍ എന്‍.ഇ.ബാലകൃഷ്ണ മാരാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പൂര്‍ണ്ണ സാംസ്‌കാരികോത്സവം 10,11 തിയതികളില്‍ നടക്കുമെന്ന് പൂര്‍ണ്ണ മാനേജിംഗ് പാര്‍ട്ണര്‍ എന്‍.ഇ.മനോഹറും, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10ന് കാലത്ത് 11 മണിക്ക് എന്‍.ഇ.ബാലകൃഷ്ണ മാരാര്‍ ഹാളില്‍ (മലബാര്‍ പാലസ്) എം.മുകുന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൂര്‍ണ്ണ-ഉറൂബ്, പൂര്‍ണ്ണ-ആര്‍ രാമചന്ദ്രന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. എന്‍.ഇ.ബാലകൃഷ്ണ മാരാര്‍ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം ശശി തരൂരിന് സാറാ ജോസഫും, സന്നദ്ധ സേവന പുരസ്‌കാരം തൃശൂര്‍ ആസ്ഥാനമായ സൊലസ് എന്ന സംഘടനക്ക് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയും സമ്മാനിക്കും. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം. 11ന് കാലത്ത് 11 മണിക്ക് വാക്കിന്റെ കരുത്ത് എന്ന വിഷയത്തില്‍ എന്‍.ഇ.ബാലകൃഷ്ണമാരാര്‍ പ്രഭാഷണം ശശി തരൂര്‍ നിര്‍വ്വഹിക്കും.
സമാപന സമ്മേളനത്തില്‍ എന്‍.ഇ.ബാലകൃഷ്ണമാരാര്‍ സന്നദ്ധ സേവന പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള സമര്‍പ്പിക്കും. ദ്വിദിന സാംസ്‌കാരികോത്സവത്തില്‍ പതിനഞ്ച് സെഷനുകളിലായി നാല്‍പത്തഞ്ചോളം എഴുത്തുകാര്‍ സംബന്ധിക്കും. തമിഴ് എഴുത്തുകാരി സല്‍മയുമായി കെ.എസ് വെങ്കിടാചലം സംവദിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഇ.മനോഹര്‍, ഡോ.കെ.ശ്രീ കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ് വെങ്കിടാചലം എന്നിവര്‍ പങ്കെടുത്തു.