ചാറ്റ്ജിപിടിയോട് ചോദിക്കുന്നതുപോലെ ഇനി യൂട്യൂബിലും ചോദ്യങ്ങള്‍ ചോദിക്കാം.
എഐ പവേര്‍ഡ് കോണ്‍വര്‍സേഷണല്‍ ടൂളുമായി യൂട്യൂബ്. വീഡിയോകളെപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന ഉപയാക്താക്കളെ ലക്ഷ്യം വച്ചാണ് യൂട്യൂബിന്റെ ഈ പുതിയ ഫീച്ചര്‍. ഇതിലുടെ ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന വീഡിയോകളുടെ ഉള്ളടക്കത്തെപ്പറ്റി കൂടുതലറിയാന്‍ യൂട്യൂബിനോട് ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ അറിയാനും സാധിക്കുന്നു.
കൂടാതെ നമ്മള്‍ കാണുന്ന വീഡിയോകള്‍ അനുസരിച്ച് പ്ലേബാക്കിനെ തടസപ്പെടുത്താതെ റെക്കമന്റേഷന്‍സ് നല്‍കുകയും ചെയ്യുന്നു. നിലവില്‍ റെക്കമന്റേഷന്‍സ് യൂട്യൂബില്‍ ലഭ്യമാണെങ്കിലും ഇതിന്റെ കൃത്യത പലപ്പോഴും ശരിയായിരിക്കണമെന്നില്ല. അതോടൊപ്പം പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണുന്നവര്‍ക്ക് എഐ ഉപയോഗിച്ച് ക്വിസ്സുകള്‍ക്ക് ഉത്തരം നല്‍കാനും യൂട്യൂബ് അവസരം നല്‍കുന്നു.
തിരഞ്ഞെടുത്ത വീഡിയോകളില്‍ ദൃശ്യമാകുന്ന ‘?Ask’ ബട്ടണില്‍ ടാപ്പുചെയ്യുന്നതിലൂടെ ജനറേറ്റീവ് എഐ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നു, കൂടാതെ ഇതിലൂടെ ചാറ്റ് ജിപിറ്റിയോട് ചോദ്യം ചോദിക്കുന്നതിനു സമാനമായ രീതിയില്‍, വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. തിരഞ്ഞെടുത്തിട്ടുള്ള കുറച്ച് ആളുകള്‍ക്ക് മാത്രമാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുന്നത്. കൂടാതെ ഇത് യുഎസില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്, വരും ആഴ്ചകളില്‍ അന്‍ഡ്രോയിഡ് ഫോണുകളിലും കൂടുതല്‍ യൂട്യൂബ് പ്രീമിയം അംഗങ്ങളിലേക്കും ഇത് അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു.
എഐ സമ്മറൈസ്ഡ് കമന്റ്
ദൈര്‍ഘ്യമേറിയ വീഡിയോകളുടെ കമന്റുകള്‍ തരംതിരിച്ചുകൊണ്ടാണ് സമ്മറൈസ്ഡ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്, ഇത് യൂട്യൂബര്‍മാര്‍ക്ക് സംഭാഷണങ്ങളിലേക്ക് പെട്ടെന്ന് കടന്നുചെല്ലാനും പുതിയ വീഡിയോ സൃഷ്ടിക്കുന്നതിനും പ്രചോദനമാവും.
പ്രസദ്ധീകരിച്ച കമന്റുകള്‍ മാത്രമായിരിക്കും വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുക, ഇതില്‍ റിവ്യു ചെയ്യുന്നതോ ബ്ലോക്ക് ചെയ്യപ്പെട്ടതോ ആയ കമന്റുകള്‍ ഉള്‍പ്പെടുത്തില്ലെന്നാണ് യൂട്യൂബ് പറയുന്നത്. ഒരു ടോപ്പിക്കിന് കീഴില്‍ തരംതിരിച്ചിട്ടുള്ള എല്ലാ കമന്റുകളും ക്രിയേറ്റര്‍ക്ക് ഡിലീറ്റാക്കാനും കഴിയും. പരീക്ഷണം നിലവില്‍ വളരെ ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ, കൂടാതെ എല്ലാ വീഡിയോകളിലും ലഭ്യമല്ല.
എഐ സേവനങ്ങള്‍ കൂടാതെ യൂട്യൂബ് മൊബൈല്‍ ആപ്പില്‍ പുതിയ ‘പ്ലേ സംതിങ്ങ്’ ബട്ടണും പരീക്ഷിക്കുന്നതായി റിപ്പേര്‍ട്ടുകളുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, എന്താണ് കാണേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെങ്കില്‍ വിവിധങ്ങളായ വീഡിയോ പ്ലേ ചെയ്യുന്നതാണ് സംവിധാനം.