ഒറ്റത്തവണ കുത്തിവെയ്പ്പ് ലിംഗ ഭേദമില്ലാതെ ഗര്‍ഭനിരോധനം നടത്താം ഐ സിഎം ആര്‍

ഒറ്റത്തവണ കുത്തിവെയ്പ്പ് ലിംഗ ഭേദമില്ലാതെ ഗര്‍ഭനിരോധനം നടത്താം ഐ സിഎം ആര്‍

തൃശ്ശൂര്‍: ജനസംഖ്യാനിയന്ത്രണത്തിന് നൂതനവും ഫലപ്രദവുമായ ഒറ്റത്തവണ കുത്തിവെയ്പ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഇതോടെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളിലെ ലിംഗ വിവേചനം അവസാനിക്കും. റിവേഴ്‌സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്‌പേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള തുടക്കം കുറിച്ചു.

25-നും 40-നും മധ്യേ പ്രായമുള്ള 303 ദമ്പതിമാരിലായിരുന്നു പരീക്ഷണം. വൃഷണത്തില്‍നിന്ന് ബീജത്തെ പുറത്തേക്കെത്തിക്കുന്ന കുഴലിലാണ് കുത്തിവെപ്പ്. 60 മില്ലിഗ്രാം മരുന്നാണുപയോഗിച്ചത്. കുത്തിവെപ്പെടുത്ത് ആറു മാസം കഴിഞ്ഞപ്പോള്‍ ജീവനുള്ള ബീജത്തിന്റെ സാന്നിധ്യമില്ലായ്മ 97.2 ശതമാനവും ഒരു വര്‍ഷത്തിനുശേഷം 97.3 ശതമാനവുമാണ്. ഒരു വര്‍ഷത്തിനുശേഷം 99.03 ശതമാനത്തിനും ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇല്ലാതായെന്നാണ് ഫലം കാണിക്കുന്നത്.കാര്യമായതും നീണ്ടുനില്‍ക്കുന്നതുമായ പാര്‍ശ്വഫലങ്ങളുണ്ടായില്ല.
ആര്‍.ഐ.എസ്.യു.ജി. സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ ഡോ. സുജോയ് കെ. ഗുഹയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ബംഗ്ലാദേശ് എന്നിവയ്ക്കാണ് ഇതിന്റെ പേറ്റന്റ്. ‘വാസല്‍ജെല്‍’ എന്ന പേരില്‍ കുത്തിവെപ്പ് മരുന്നിറക്കാനുള്ള ശ്രമം അമേരിക്കയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സ്ഥാപനത്തിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഡോ. ആര്‍.എസ്. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഐ.സി.എം.ആറിലെ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *