ടെല്‍ അവീവ്:നിര്‍മാണ മേഖലയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000-ത്തോളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തിരുന്ന ഒഴിവുകള്‍ നികത്താനാണ് ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിലൂടെ ഇസ്രയേല്‍ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്.
ഇസ്രയേലിന്റെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 25 ശതമാനവും പലസ്തീനികളാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വരുന്നില്ലെന്നും ഇസ്രയേലില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലെന്നുംഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹയിം ഫീഗ്ല്‍ വ്യക്തമാക്കി.
ഇസ്രയേല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പലസ്തീനികളില്‍ പത്തുശതമാനം പേര്‍ ഗാസയില്‍നിന്നും ബാക്കിയുള്ളവര്‍ വെസ്റ്റ്ബാങ്കില്‍നിന്നുള്ളവരുമാണ്. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പലസ്തീന്‍ തൊഴിലാളികളെ ഇസ്രയേല്‍ ഗാസയിലേക്ക് തിരിച്ചയച്ചിരുന്നു.