തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 3.30 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവര്‍ മൂന്നരയോടെ പ്രധാനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തണമെന്നും അറിയിച്ചു.
ആദ്യമെത്തുന്നവര്‍ക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്താന്‍ വിവിധ പാര്‍ക്കിങ് സെന്ററുകളില്‍ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തി. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും.
പനവിള, ഹൗസിങ് ബോര്‍ഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റ്, വൈ.എം.സി.എ. -പ്രസ് ക്ലബ്ബ് റോഡ് എന്നിവയിലൂടെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി. വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, കേരളീയം സംഘാടകരുടെ വാഹനങ്ങള്‍, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവ മാത്രമേ കടത്തിവിടൂ. ഇവര്‍ക്കായി പനവിള – ഹൗസിങ് ബോര്‍ഡ് റോഡിലും സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്തുമായി പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല.
പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡല്‍ എച്ച്.എസ്.എസ്. തൈക്കാട്, ശ്രീസ്വാതി തിരുനാള്‍ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂര്‍, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റല്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എന്‍.എല്‍. ഓഫീസ്, കൈമനം, ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്റര്‍ നാലാഞ്ചിറ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.