കോഴിക്കോട്: ഇരിങ്ങലില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസിലേക്ക് 8-ാം തിയതി(ബുധന്‍) കാലത്ത് 10 മണിക്ക് മാര്‍ച്ചും ധര്‍
ണ്ണയും സംഘടിപ്പിക്കുമെന്ന് ഇരിങ്ങല്‍ അടിപ്പാത സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍വ്വീസ് റോഡില്‍ നിന്നും ഏകദേശം ഒന്നര മീറ്ററോളം ഉയരത്തില്‍ നിര്‍മ്മിക്കുന്ന ദേശീയ പാതയുടെ രണ്ട് ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനാല്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗവും കിഴക്ക് ഭാഗവും പരസ്പരം ബന്ധമില്ലാത്ത രണ്ട് പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. ഇരിങ്ങലിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം മുഴുവന്‍ നാട്ടുകാര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. 2 കി.മീ അകലെയുള്ള മൂരാട് അടിപ്പാതയിലൂടെ മാത്രമേ റോഡിന്റെ ഇരുഭാഗത്തേക്കും ഇപ്പോള്‍ പ്രവേശിക്കാനാവൂ. നിലവിലുള്ള സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കുതിച്ചു പായുമ്പോള്‍ ജനങ്ങളുടെ ജീവന് ഭീഷണി നേരിടുകയാണ്.
ഇരിങ്ങലില്‍ അടിപ്പാത നിര്‍മ്മിക്കുമെന്ന കലക്ടറുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. എം.പിമാരായ കെ.മുരളീധരന്‍, പി.ടി.ഉഷ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. നോംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കരുത്. 18.കി.മീഉള്ള മുഴുപ്പിലങ്ങാട്-അഴിയൂര്‍ പാതയില്‍ 22 അടിപ്പാതകള്‍ അനുവദിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പടന്നയില്‍ പ്രഭാകരന്‍, ജന.കണ്‍വീനര്‍ ഇ.ദിനേശന്‍, പവിത്രന്‍ ഒതയേത്ത്, ജിതേഷ് ടി.എം, നിഷ ഗിരീഷ്, മഞ്ജുഷ ചെറുപ്പനേരി, രേവതി തുളസീദാസ്, ദേവദാസന്‍.എം.കെ എന്നിവര്‍ പങ്കെടുത്തു.