കൊല്‍ക്കത്ത: ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം വിരാട് കോലി. പിറന്നാള്‍ ദിനത്തില്‍ തന്നെ താരത്തിന് ഈ അപൂര്‍വനേട്ടം സ്വന്തമാക്കാന്‍ സാധിച്ചു.
2023 ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിന്‍ 463 മത്സരങ്ങള്‍ കളിച്ചാണ് 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ശ്രദ്ധാപൂര്‍വം കളിച്ച കോലി പതിവിന് വിപരീതമായി പതുക്കെയാണ് ബാറ്റുവീശിയത്. 119 പന്തുകളില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെയാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ത്തന്നെയാണ് കോലി 49-ാം സെഞ്ചുറി നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റില്‍ 29 സെഞ്ചുറിയും ട്വന്റി 20യില്‍ ഒരു ശതകവുമാണ് കോലിയ്ക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിന്‍ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റില്‍ 51 സെഞ്ചുറികളുണ്ട്.