ന്യൂഡല്‍ഹി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോകനേതാക്കള്‍ ഫലസ്തീനില്‍ ഇസ്രായേലിന് പിന്തുണ നല്‍കുകയാണെന്നും ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രിയങ്കാ ഗാന്ധി എക്സില്‍ കുറിച്ചു.
‘ഫലസ്തീനില്‍ 10000ത്തോളം സാധാരണക്കാര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര അപമാനകരവുമാണ്. ഇതില്‍ 5000വും കുട്ടികളാണെന്നതാണ് ഉള്‍ക്കൊള്ളാനാവാത്ത മറ്റൊരു കാര്യം. കുടുംബങ്ങള്‍ ഒന്നാകെ കൊല്ലപ്പെടുന്നു, ആശുപത്രികളും ആംബുലന്‍സുകളും ബോംബ് ആക്രമണത്തില്‍ തകര്‍ക്കപ്പെടുന്നു… അഭയാര്‍ഥി ക്യാമ്പുകളെ പോലും അവര്‍ വെറുതെ വിടുന്നില്ല. സ്വതന്ത്രലോകത്തെ നേതാക്കള്‍ ഇതിന് സാമ്പത്തികമായും അല്ലാതെയും പിന്തുണ നല്‍കുന്നുണ്ട്. വംശഹത്യയാണ് ഫലസ്തീനില്‍ നടക്കുന്നു. ധാര്‍മികമായി അല്‍പമെങ്കിലും അധികാരം ബാക്കയുണ്ടെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’. പ്രിയങ്ക കുറിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ ഇതാദ്യമായാണ് പ്രിയങ്ക നിലപാട് തുറന്നു പറയുന്നത്. രാഹുല്‍ ഗാന്ധി നേരത്തേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗസ്സയിലെ കൂട്ടക്കുരുതി മനുഷ്യത്വരഹിതമെന്നും നിരപരാധികളായ ഇസ്രായേലികളെ കൊന്ന ഹമാസിന്റെ നടപടി അപലപനീയമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.