കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം.
ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിലുണ്ട്. ടൂര്‍ണമെന്റില്‍ വിജയ തുടര്‍ച്ച തുടരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
കന്നി ലോകകപ്പ് സ്വപ്നവുമായി എത്തിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ ഒഴികെയുള്ള ടീമിനെതിരെ നേടിയ വിജയങ്ങളെല്ലാം 100 റണ്‍സിന് മുകളിലാണ്. അതുകൊണ്ട് ജയ പ്രതീക്ഷയോടെ തന്നെയാണ് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതം ടീമിനെ വിട്ടുപോയിട്ടില്ല.
കരുത്തരായ ബൗളിങ് നിരയ്ക്കെതിരെ ഇറങ്ങുമ്പോള്‍ കരുതലോടെ തന്നെയാകും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ഈ ലോകകപ്പില്‍ മാത്രം നാല് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ പ്രകടനമാകും ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകുക.
കരുത്തരായ ബാറ്റിങ് നിരയ്ക്ക് പുറമെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ 55ല്‍ ചുരുക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിനത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 90 മത്സരങ്ങളില്‍ നേര്‍ക്ക്നേര്‍ വന്നപ്പോള്‍ 50 മത്സരങ്ങളില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.