ഗിന്നസുകാരുടെ സംഗമത്തില്‍ ആറ് വയസ്‌കാരനും തൊണ്ണൂറ്റിയാറ് വയസ്‌കാരനും താരങ്ങളായി

ഗിന്നസുകാരുടെ സംഗമത്തില്‍ ആറ് വയസ്‌കാരനും തൊണ്ണൂറ്റിയാറ് വയസ്‌കാരനും താരങ്ങളായി

കോഴിക്കോട് :വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്നും ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയവരുടെ സംഘടനയായ ആഗ്രഹ് ന്റെ എട്ടാമത്തെ വാര്‍ഷിക സംഗമത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ആറ് വയസ്‌കാരന്‍ വിശ്വജിത്തും, ഏറ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറായ തൊണ്ണൂറ്റിയാറ് വയസുകാരനായ അഡ്വ പി. ബി. മേനോനും താരങ്ങളായി.

ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ദിനോസറുകളെ തിരിച്ചറിഞ്ഞതിലൂടെയാണ് ഒന്നാം ക്ളാസ്സുകാരനായ വിശ്വജിത്ത് ഗിന്നസ് നേടിയത്. 22 വയസ് മുതല്‍ 96 വയസ് വരെയുള്ള വക്കീല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം കോടതിയില്‍ ഹാജരായിട്ടാണ് അഡ്വ പി.ബി.മേനോന്‍ ഗിന്നസ് നേട്ടം കൈവരിച്ചത്.
കോഴിക്കോട് നളന്ദ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങ് മദ്രാസ് ഇന്‍ഫാന്‍ട്രി ബെറ്റാലിയന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ ഡി നവീന്‍ ബെന്‍ജിത് ഉദ്ഘാടനം ചെയ്തു. മേജര്‍ മധു സെത് മുഖ്യഥിതിയായിരുന്നു.
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു.

68 വര്‍ഷത്തെ ഗിന്നസിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്ന് 500 ഓളം പേര്‍ക്ക് മാത്രമേ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും അതില്‍ 73 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും യോഗം വിലയിരുത്തി. ഇതില്‍ 37 പേരെ ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ആഗ്രഹ് സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

ലോക ശ്രദ്ധ നേടിയ ഗിന്നസ് റെക്കോര്‍ഡ് ജേതാക്കാള്‍ക്ക് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നതിനുവേണ്ടിയുള്ള നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും യോഗം അറിയിച്ചു.

ജേതാക്കള്‍ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കേണല്‍ ഡി നവീന്‍ ബെന്‍ ജിത് സമ്മാനിച്ചു. ഈ വര്‍ഷം ഗിന്നസ് നേട്ടം കൈവരിച്ച 13 പേരെയും ചടങ്ങില്‍ ആദരിച്ചു.

ആഗ്രഹ് സംസ്ഥാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി സത്താര്‍ ആദൂര്‍ (പ്രസിഡന്റ് ), സുനില്‍ ജോസഫ് (സെക്രട്ടറി ), പ്രിജേഷ് കണ്ണന്‍ (ട്രഷറര്‍ ), അശ്വിന്‍ വാഴുവേലില്‍( ചീഫ് കോഡിനേറ്റര്‍), തോമസ് ജോര്‍ജ്, ലത ആര്‍. പ്രസാദ് ( വൈസ് പ്രസിഡന്റ് ),
റിനീഷ്, ജോബ് പൊട്ടാസ് (ജോ. സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *