ന്യൂഡല്‍ഹി:റിലീസ് ചെയ്ത സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റിലെത്തിയാല്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിലെ (സിബിഎഫ്‌സി), വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. ഇതിനായി നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. സിനിമയുടെ ഔദ്യോഗിക പകര്‍പ്പവകാശമുള്ള ആര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്ക് അപേക്ഷ നല്‍കാം.
സിബിഎഫ്‌സി തിരുവനന്തപുരം മേഖലാ ഓഫിസര്‍ അജയ് ജോയ് ആണു കേരളത്തിലെ നോഡല്‍ ഓഫിസര്‍. മൊത്തം 12 നോഡല്‍ ഓഫിസര്‍മാരെയാണ് നിയോഗിച്ചത്. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകളുടെ വ്യാജ പതിപ്പുകളുമായി ബന്ധപ്പെട്ടാണു പുതിയ സംവിധാനം. ഒടിടി സിനിമകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നും സിനിമയുടെ ചെറിയ ഭാഗങ്ങള്‍ മുറിച്ചുമാറ്റി വെബ്‌സൈറ്റുകളില്‍ ഇടുന്നതും ഔദ്യോഗികമായി തടയാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മുന്‍പ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സിനിമ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. പരിശോധിച്ച് ഉചിതമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കും. പുതിയ വ്യാജന്‍ പ്രത്യക്ഷപ്പെട്ടാല്‍ വീണ്ടും അപേക്ഷ നല്‍കേണ്ടിയിരുന്നു.
വ്യാജന്‍മാര്‍ കാരണം സിനിമ വ്യവസായം പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.വ്യാജന്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ 3 മാസം മുതല്‍ 3 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും സിനിമയുടെ ഉല്‍പാദനച്ചെലവിന്റെ 5% വരെ പിഴയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.