ന്യൂഡല്‍ഹി: 45 ദിവസം നിഷ്‌ക്രിയമായ വാട്‌സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കുമെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്വകാര്യത ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി നടപടി സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് നിഷ്‌ക്രിയമായ മൊബൈല്‍നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പഴയ ഫോണ്‍നമ്പറുമായി ബന്ധിപ്പിച്ച് വാട്‌സാപ്പിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നീക്കാം. ലോക്കല്‍ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഡ്രൈവിലോ സ്റ്റോര്‍ചെയ്ത വാട്‌സാപ്പ് ഡേറ്റയും മായ്ച്ചുകളയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച വാട്ട്സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ഫോണ്‍ മെമ്മറി, ക്ലൗഡ് അല്ലെങ്കില്‍ ഡ്രൈവില്‍ നിന്നുള്ള ഡാറ്റ ഒഴിവാക്കുകയും ചെയ്യുക വഴി വാട്ട്‌സ്ആപ്പ് ഡാറ്റ ദുരുപയോഗം തടയാനാവുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ നിഷ്‌ക്രിയമായ മൊബൈല്‍നമ്പര്‍ 90 ദിവസം കഴിയാതെ മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും ട്രായ് വ്യക്തമാക്കി.